Tuesday, 25 October 2011

twilight

വെള്ളാരം മണലില്‍ നിന്റെ കാല്പാടുകള്‍ കാലത്തിന്‍റെ ഉപ്പുവെള്ളം മായ്ച്ചുകളയുന്നത് അഴിയിട്ട ജനലിലൂടെ ഞാന്‍ നോക്കിനിന്നു.....


കോടമഞ്ഞിന്‍ ആവരണം പൊതിഞ്ഞ തീരത്തിലൂടെ നീ പോയ്മറഞ്ഞപ്പോള്‍, കാറ്റാടിയിലകള്‍ അരുതെന്നു ചൊല്ലിയിട്ടും ഞാന്‍ ഒന്നും മിണ്ടിയില്ല....


വ്യര്‍ത്ഥമാം ലോകത്തോടു വിട ചൊല്ലുവാന്‍ തിരിഞ്ഞപോള്‍ നിന്നോടു രണ്ടു വാക്കു ചൊല്ലുവാന്‍ തോന്നി, ജനലിലൂടെ ഇറങ്ങിയോടാവേ മഞ്ഞിന്‍ പുകമറയില്‍ കാറ്റാടികള്‍ എനിക്ക് വഴികാട്ടി...


പുതുജീവന്റെ ഇളംമുകുളങ്ങളില്‍ തങ്ങി നില്കും മഞ്ഞുത്തുള്ളികള്‍ രക്തം മണക്കും എന്‍ ദേഹിയില്‍ തഴുകി എന്നെ യാത്രയാക്കുമ്പോള്‍ ആത്മാവിലേതോസുഖം പടര്ന്നു.......


കോടമഞ്ഞില്‍ പുതച്ചുകിടക്കും ആഴിയുടെ കരങ്ങള്‍ തഴുകുന്ന തീരത്തിലൂടെ അര്‍ദ്ധച്ചന്ദ്രന്റെ മങ്ങിയ നിലവില്‍ തണുത്തുറഞ്ഞ ശ്വാസവും പേറി നിന്നെ തേടുമ്പോള്‍,എന്തോ... മണല്‍ത്തരികള്‍ ചുട്ടുപൊള്ളുന്നു.


കോടമഞ്ഞിന്‍ യവനികയാം സ്തൂപങ്ങള്‍ വകഞ്ഞുമാറ്റി നോക്കിയപോള്‍
ഒരു പാറകൂട്ടത്തില്‍ നിറകണ്ണുകളോടെ എന്നെ പ്രതീക്ഷിച്ചിരിക്കുന്ന നിന്‍ മുഖം പിടയുന്ന ഹൃദയത്തോടെ ഞാന്‍ കണ്ടു.


എന്‍റെ മുറിവുകളിലെ മണല്‍ത്തരികള്‍ തട്ടിയകറ്റി നീ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപോള്‍ എന്നെ വേദനിപിച്ചത് നിന്റെ കണ്ണുനീരും,ആ മിഴികള്‍ തുടച്ചു ഞാന്‍ ചൊല്ലി.....


“നിന്റെ പ്രണയം ഞാന്‍ എന്തിനാണ് എന്നു എനിക്ക് മനസിലാക്കിതരുന്നു.
നിന്റെ മിഴികള്‍ അതിന്റെ അര്‍ഥം എനിക്ക് മനസിലാക്കിതരുന്നു.
ഇത്രയേറെ നീ എന്നെ സ്നേഹിക്കാന്‍ എന്ത് പുണ്യം ഞാന്‍ ചെയ്തു.....


വിതുമ്പുന്ന മനസോടെ നീ എന്നെ നോക്കിയപോള്‍ വിറയ്കുന്ന കയ്കളോടെ നിന്‍ കയ്കള്‍ ഞാന്‍ കോര്‍ത്തുപിടിച്ചു...
അപ്പോള്‍ മഞ്ഞു മഴയായ്‌ നമുക്ക് മുകളില്‍ പെയ്തിറങ്ങി................

L